NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇ.ഡി. അറസ്റ്റ് ചെയ്ത കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും; ജയിലിൽ കിടന്ന് ഭരണം തുടരുമെന്ന് എഎപി, രാജി ആവശ്യപ്പെട്ട് ബിജെപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലില്‍ കിടന്നുകൊണ്ട് ചുമതലകള്‍ നിറവേറ്റുമെന്നും എ.എ.പി വ്യക്തമാക്കി. അതേസമയം കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ലഫ്. ഗവര്‍ണറെ സമീപിച്ചു.

 

അറസ്റ്റിനെതിരെ ഇന്നലെ രാത്രി തന്നെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടർന്ന്, വെള്ളിയാഴ്ച രാവിലെ ഈ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ കെജ്‌രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി റിപ്പോര്‍ട്ട് നല്‍കും.

 

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ആം ആദ്മി പാര്‍ട്ടി കണ്‍വീനറെ ഡല്‍ഹി മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 11.30 ഓടെ അദ്ദേഹത്തെ ഇഡി ഓഫീസിലെത്തിച്ചു.

 

അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍ നിന്നു സംരക്ഷണം തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു നടപടി. വ്യാഴാഴ്ച ചോദ്യം ചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമന്‍സിനും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!