നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവും പിന്‍വലിക്കും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലസ് ടു വരെയുള്ള കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്. കരിക്കുലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാവിലെ ഹർജി പരിഗണിച്ചപ്പോൾ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും കാസര്‍ഗോഡ് സ്വദേശിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാരിന്റെ ഉറപ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രേഖപ്പെടുത്തി. നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസ് വിളംബര ജാഥ നടത്തിയതില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടും കുട്ടികളെ പരിപാടിയിലേക്ക് കൊണ്ടുപോകുന്നതിലും രണ്ട് ഹര്‍ജികളാണ് കാസര്‍ഗോഡ് സ്വദേശി കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കുന്നതിന് കോടതി സ്‌റ്റേ നല്‍കി.
കുട്ടികളെ കൊണ്ടുപോകുന്നതിനെതിരായ ഹര്‍ജി ഗൗരവത്തിലെടുത്ത കോടതി, സര്‍ക്കാരിനോട് മറുപടി നല്‍കാനും ആവശ്യപ്പെട്ടു. ഇതിലാണ് ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
