NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മോഷ്ടാക്കൾ വിലസുന്നു; പോലീസിന് നിസ്സംഗത,  ഒരുമാസത്തിനിടെ പത്തിലധികം മോഷണങ്ങൾ

പ്രതീകാത്മക ചിത്രം

 

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. ഒരുമാസത്തിനിടെ കടകളിലും വീടുകളിലുമായി ചെറുതും വലുതുമായ  നിരവധി മോഷണങ്ങളാണ് നടന്നത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ പതിവായിട്ടും പോലീസ് നിസ്സംഗത കാണിക്കുന്നതായി ആക്ഷേപമുണ്ട്. രാത്രികാല പോലീസ് പട്രോളിംഗും കാര്യക്ഷമല്ലെന്നാണ് ആരോപണം.
മൂന്നാഴ്‌ച മുമ്പാണ് ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും, സമീപത്തെ ചായക്കടയിൽ നിന്നും 2500 രൂപയോളവും കവർന്നത്. പിന്നീട് ചെട്ടിപ്പടിയിലുള്ള ബി.എസ്.എൽ.എൽ മൊബൈൽ ടവറിൽ നിന്നും രാത്രി ഏകദേശം 1,20000 രൂപയുടെ 30 മീറ്റർ നീളമുള്ള ആറ് ആർ.എഫ്. കേബിളുകൾ മോഷണംപോയി. ഇതിലെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
ഡ്രൈവിംഗ് സ്കൂളിൻറെ വാതിൽ കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ കവർന്ന സംഭവവും ഉണ്ടായി. ദിവസങ്ങൾക്ക് മുമ്പ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചെട്ടിപ്പടിയിൽ കടകളിലും വീടുകളിലുമായി പരക്കെ മോഷണം നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്. തൊട്ടടുത്ത ദിവസംതന്നെ അഞ്ചപ്പുരയിലെ കട കുത്തിതുറന്ന് 65000 രൂപയുടെ അടക്ക മോഷ്ടിച്ചു.
കഴിഞ്ഞ ദിവസം വീണ്ടും ചെട്ടിപ്പടിയിൽ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മോഷണ ശ്രമവും ഉണ്ടായി. സെക്യൂരിറ്റിക്കാരന്റെ ഇടപെടൽമൂലമാണ് മോഷണശ്രമം പാളിയത്. സംഭവം നടന്ന കടകളിലും വീടുകളിലും പോലീസും വിരലടയാള വിഗ്ദധരും ഡോഗ് സക്വാഡും പരിശോധന നടത്തിയെങ്കിലും മിക്ക മോഷണങ്ങൾക്കും ഇതുവരെ തുമ്പുമുണ്ടായിട്ടില്ല. അന്വേഷണം പുരോഗമിച്ച്കൊണ്ടിരിക്കുകയാണെന്നാണ് പോലീസിന്റെ വാദം.
മോഷണങ്ങൾ തുടർക്കഥയായതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാത്രികാലങ്ങളിലടക്കം നഗരമദ്ധ്യത്തിൽ പോലും പൊലീസിന്റെ സാന്നിദ്ധ്യമില്ല. ഗ്രാമപ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ഇല്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാകുന്നുണ്ട്. മോഷ്ടാക്കൾ വിലസുമ്പോഴും പൊലീസിന്റെ പരിശോധന പെറ്റിയടിയിൽ മാത്രം ഒതുങ്ങുകയാണെന്ന ആക്ഷേപവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *