സുപ്രീം കോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്: വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി. ഈ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസും ഇറക്കിയിട്ടുണ്ട്. പൗരൻമാരുടെ വ്യക്തിവിവരങ്ങൾ തേടി തട്ടിപ്പു നടത്താനായാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്.
http://cbins/scigv.com, https://cbins.scigv എന്നീ യുആർഎല്ലുകളിലാണ് വ്യാജ വെബ്‌സൈറ്റുകളുള്ളത്. ഈ ഫിഷിംഗ് ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് സ്ഥിരീകണം ലഭിച്ചതായും സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു. ആളുകളുടെ വ്യക്തിഗത വിവരങ്ങൾ, ഇന്റർനെറ്റ്-ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവയെല്ലാം കണ്ടെത്തി ദുരുപയോഗം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി രജിസ്ട്രി മുന്നറിയിപ്പു നൽകി.
ഉപയോക്താവിന് ബാങ്കിന്റെ പേര്, ഫോൺ നമ്പർ, പാൻ നമ്പർ, ഓൺലൈൻ ബാങ്കിംഗ് യൂസർ ഐഡി, ലോഗിൻ പാസ്‌വേഡ്, കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടെ വിവിധ കോളങ്ങൾ ഇതിൽ പൂരിപ്പിക്കേണ്ടതുണ്ട്.
“മേൽപ്പറഞ്ഞ വെബ്സൈറ്റ് വഴി ആരും വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ പങ്കിടരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നു, കാരണം സൈബർ കുറ്റവാളികൾക്ക് ഇത്തരം വിവരങ്ങൾ ലഭിക്കാൻ ഇത് ഇടയാക്കും. ഇന്ത്യൻ സുപ്രീം കോടതി രജിസ്ട്രി ഒരിക്കലും, സാമ്പത്തിക വിശദാംശങ്ങൾ അല്ലെങ്കിൽ മറ്റ് രഹസ്യ വിവരങ്ങൾ തുടങ്ങി ആരുടെയും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ല എന്ന കാര്യം ശ്രദ്ധിക്കുക”, എന്നും സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.
ഫിഷിംഗ് ആക്രമണത്തെക്കുറിച്ച് രാജ്യത്തെ അന്വേഷണ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നും രജിസ്ട്രി പറഞ്ഞു. സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www.sci.gov.in ആണെന്നും രജിസ്ട്രി അറിയിച്ചു.
“ഈ ഫിഷിംഗ് ആക്രമണത്തിന് നിങ്ങൾ ഇരയായിട്ടുണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ ഉടൻ മാറ്റുക, കൂടാതെ ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് നിങ്ങളുടെ ബാങ്കുമായോ, ക്രെഡിറ്റ് കാർഡ് കമ്പനിയുമായോ ബന്ധപ്പെടുക,” എന്നും സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു.
