NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജി സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. അഞ്ച് മിനിട്ട് ഇടവേളയെടുത്തിരിക്കുകയാണ് കോടതി. അഞ്ച് ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നത്.

 

ഇരുവിഭാഗത്തിനും അവരുടെ വാദമുഖങ്ങൾ ഉയർത്താൻ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ സര്‍നെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സര്‍നെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിംഗ്‌വി ഉയർത്തി. തൻ്റെ കക്ഷിയുടെ സർ നെയിം മോദി എന്ന് തന്നെയാണെന്ന് മഹേഷ് ജെത്മലാനി ചൂണ്ടിക്കാണിച്ചു. കേസ് നിലനിൽക്കില്ല, ഏതെങ്കിലും ഒരു വിഭാഗത്തെ മന:പൂർവ്വം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം രാഹുൽ ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന വാദമാണ് അഭിഷേക് സിംഗ്‌വി മുന്നോട്ടുവച്ചത്. രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ ആരും കേസുമായി വന്നിട്ടില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സിംഗ്‌വി പരാമർശിച്ചപ്പോൾ കോടതിയിൽ രാഷ്ട്രീയം പറയണ്ട അത് രാജ്യസഭയിൽ പറഞ്ഞാൽ മതിയെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു. രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നുമാണ് പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ എതിര്‍ സത്യവാങ്മൂലം. മാപ്പ് പറയില്ലെന്നാണ് രാഹുലിന്റെ മറുപടി സത്യവാങ്മൂലം.

 

ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ 15നാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കീഴ്‌ക്കോടതിയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാടു പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *