പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് അന്തരിച്ചു.
1 min read

പാലക്കാട് കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.ഇന്ന് വൈകിട്ട് 7.45-ഓടെ യായിരുന്നു മരിച്ചത്.
യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന കെ വി വിജയദാസ് ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എപ്പോഴും മുന്‍പന്തിയില്‍ നിന്ന പാതുപ്രവര്‍ത്തകനായിരുന്നു. മികച്ച സഹകാരിയും കര്‍ഷകനുമാണ്.
2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ വി വിജയദാസ് മണ്ഡലത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എലപ്പുള്ളിയില്‍ കെ വേലായുധന്റെയും എ. താതയുടെയും ആറ് മക്കളില്‍ മൂത്ത മകനായി 1959 മെയ് 25ന് ജനനം. യുവജനസംഘംടനയായ കെഎസ് വൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാവുന്നത്.
1987 ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തുകള്‍ രൂപീകരിച്ചതോടെ 1995ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി.
തുടര്‍ന്നുള്ള അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ച കെവി വിജയദാസ് മികച്ച സഹകാരിയാണ്. ദീര്‍ഘകാലം സിപിഐ എം എലപ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന വിജയദാസ് പുതുശേരി, ചിറ്റൂര്‍ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്നു