ഭർത്താവിനെ കൊലപ്പെടുത്തിയ സൗജത്തിനെ ഷാൾ മുറുക്കി കൊലപ്പെടുത്തി; ബഷീർ കോട്ടയ്ക്കലിലെത്തി വിഷം കഴിച്ചുവെന്ന് പൊലീസ്
കൊണ്ടോട്ടി ∙ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തെത്തുടർന്ന് യുവതിയുടെ ആൺസുഹൃത്തിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ പുരയ്ക്കൽ സൗജത്ത് (36) പുളിക്കലിൽ മരിച്ച കേസിൽ താനൂർ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കുളത്തൂർ ബഷീർ (44) ആണു പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 30നു കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിലുള്ള വാടക ക്വാർട്ടേഴ്സിലാണു സൗജത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേദിവസം തന്നെ ബഷീറിനെ കോട്ടയ്ക്കലിലെ താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ബഷീർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. സൗജത്തിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന സാധ്യതകളിലേക്ക് എത്തുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആരോഗ്യനില മെച്ചപ്പെട്ട ബഷീറിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
പുളിക്കലിലെ ക്വാർട്ടേഴ്സിൽ സൗജത്തിനെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ബഷീർ
കോട്ടയ്ക്കലിലെത്തി വിഷം കഴിച്ചുവെന്നാണു പൊലീസ് കണ്ടെത്തൽ. 2018ലാണ് താനൂർ സ്വദേശി സവാദിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തും ബഷീറും താനൂർ പൊലീസിന്റെ പിടിയിലാകുന്നത്. ഇരുവർക്കും ഒരുമിച്ചു ജീവിക്കാനാണ് മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത്.
ഗൾഫിൽ നിന്നു 2 ദിവസത്തേക്ക് അവധിക്കെത്തി സൗജത്തുമായി ചേർന്ന് സവാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും വിവിധയിടങ്ങളിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. അതിനിടെയാണ് സൗജത്തിന്റെ
മരണം. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, സിഐ കെ.എൻ.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം .
