ആത്മീയ ചികിത്സയുടെ മറവില്‍ ലഹരി വില്പന ; കാളികാവ് സ്വദേശി പിടിയില്‍
ആത്മീയ ചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ആളെ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടികൂടി. ഒരു കിലോ ഹാഷിഷ് ഓയിലുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളെയാണ് (52) ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാണ്ടിക്കാട് പെരുവക്കാട് വെച്ച് പോലീസ് പിടികൂടിയത്.
ഇരിങ്ങാട്ടിരിയുള്ള വീട്ടില്‍ വെച്ച് ആത്മീയ ചികിത്സ നടത്തി വരുന്ന കോയക്കുട്ടി തങ്ങള്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു.
നിരവധി പേര്‍ ഇയാളെ കാണാനും ഇവിടെ എത്താറുണ്ട്. പെരുവക്കാട് റോഡരികില്‍ നില്‍ക്കുകയായിരുന്ന കോയക്കുട്ടി തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ സഞ്ചിയില്‍ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയില്‍ ആയിരുന്നു ഹാഷിഷ് ഓയില്‍.
അന്താരാഷ്ട്ര വിപണിയില്‍ 50 ലക്ഷത്തില്‍ അധികം രൂപ മൂല്യം ഉള്ളതാണ് ഈ ഹാഷിഷ് ഓയില്‍.
പതിവായി ഏര്‍വാടി സന്ദര്‍ശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങള്‍. ഏര്‍വാടിയില്‍ നിന്ന് ഇയാള്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്നിന്റെ മൊത്ത വില്പനക്കാരനാണെന്ന് പോലീസ് സംശയിക്കുന്നു.
ജില്ലയില്‍ ഇയാളില്‍ നിന്നും ലഹരി മരുന്ന് കൈപ്പറ്റുന്ന ഒരുപാട് പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഹാഷിഷ് ഓയിലിന് പുറമേ മറ്റ് ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഇയാള്‍ വിതരണം ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
