NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലക്ക് ആശ്വാസം; ഇന്ന് രോഗ ബാധിതരായവര്‍ 405 പേര്‍; 399 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 374 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 15 പേര്‍
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,744 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 36,689 പേര്‍

ദിവസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ജില്ലക്ക് ആശ്വാസമായി കോവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 28) കുറവുണ്ടായി. 405 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ 900 ല്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിറകെയാണ് ഒരു ദിവസത്തെ രോഗബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞത്. പ്രതിദിന രോഗികളുടെ എണ്ണം എണ്ണം കുറയുന്നത് മുന്‍നിര്‍ത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. രോഗവ്യാപനത്തില്‍ ആശങ്കാജനകമായ സ്ഥിതി തുടരുകയാണ്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതല്‍. 374 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. ഉറവിടമറിയാതെ 15 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 399 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 15,481 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

36,689 പേര്‍ നിരീക്ഷണത്തില്‍

36,689 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,744 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 533 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,933 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,62,289 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,055 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.