ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയ മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി
ന്യൂഡൽഹി: യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുന്നതിനും ദുരുപയോഗവും ക്രമക്കേടുകളും തടയുന്നതിനും നടപടികൾ ശക്തമാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി). നടപടികളുടെ ഭാഗമായി ഐ.ആർ.സി.ടി.സി 3.03 കോടി സംശയാസ്പദമായ യൂസർ ഐ.ഡികൾ പ്രവർത്തനരഹിതമാക്കി. അനധികൃത ടിക്കറ്റ് ബുക്കിങ് തടയുന്നതിനാണ് നടപടി.ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
അനധികൃത കടന്നുകയറ്റങ്ങൾ നടത്തുന്നതോടെ യഥാർഥ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പ്രയാസങ്ങൾ നേരിട്ടിരുന്നു. ടിക്കറ്റ് ബുക്കിങ് ദുരുപയോഗം തടയുന്നതിനായി ആറുകോടി യൂസർ ഐ.ഡികൾ ഐ.ആർ.സി.ടി.സി പരിശോധനക്ക് വിധേയമാക്കി. വ്യാജ ഡിജിറ്റൽ ഐ.ഡികൾ വഴിയുള്ള ബുക്കിങ് തടയുന്നതിന്റെ ഭാഗമായി 13,343 സംശയാസ്പദമായ ഇമെയിൽ ഡൊമെയ്നുകൾ ബ്ലോക്ക് ചെയ്തു.
കൂടാതെ നാഷനൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദമായ പി.എൻ.ആറുകളെ സംബന്ധിച്ച് 501 പരാതികൾ രജിസ്റ്റർ ചെയ്തിരുന്നതായും ഐ.ആർ.സി.ടി.സി അറിയിച്ചു. വ്യാജ ഐ.ഡികളുടെ കടന്നുകയറ്റത്തെ തുടർന്ന് തിരക്കേറിയ തൽകാൽ ബുക്കിങ് സമയങ്ങളിൽ യഥാർഥ യാത്രക്കാർക്ക് നിരവധി തടസങ്ങൾ പലപ്പോഴും നേരിടേണ്ടിവരാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
അതേസമയം, 2025 -26 കാലയളവിൽ ഓൺലൈൻ റിസർവേഷനുകളിൽ ഐ.ആർ.സി.ടി.സി റെക്കോഡ് വളർച്ച കൈവരിച്ചതായി അറിയിച്ചു. കൂടാതെ സൈബർ തട്ടിപ്പുകളും അനധികൃത ബുക്കിങ്ങും തടയുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. 2025-26ലെ റിസർവ് ചെയ്ത റെയിൽവേ ടിക്കറ്റുകളുടെ 89 ശതമാനവും ഐ.ആർ.സി.ടി.സിയുടെ ഓൺലൈൻ ചാനലുകൾ വഴിയാണ് ബുക്ക് ചെയ്തത്.
ടിക്കറ്റ് ബുക്കിങ്, പി.എൻ.ആർ സ്റ്റാറ്റസ്, ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ടുകൾ എന്നിവയിൽ ആസ്ക് ദിഷ എന്ന വോയ്സ് -ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്ബോട്ട് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. അതോടൊപ്പം ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി എണ്ണൂറിലധികം അടുക്കളകളിൽ എ.ഐ കാമറകൾ സ്ഥാപിച്ചതായും റെയിൽവേ അറിയിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രാസൗകര്യങ്ങളും ഭക്ഷണ സുരക്ഷയും വർധിപ്പിക്കാനാണ് ഈ നീക്കം.”,
