കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ 63 പേർക്ക് പരുക്ക്; വൻ നാശനഷ്ടം
കുവൈത്ത് സിറ്റി | കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 63 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വിവരങ്ങൾ. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ഒന്നിനെ (ടി വൺ) ലക്ഷ്യമിട്ട് നടന്ന ഈ ഡ്രോൺ ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പരുക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സിവിലിയൻ കേന്ദ്രങ്ങളെയും ചില നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഈ കടന്നുകയറ്റത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മേഖലയിൽ വലിയ തോതിൽ യുദ്ധഭീതിയും അസ്ഥിരതയും വളർത്തുന്ന ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ചുവപ്പുരേഖയാണ്. രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് ഇറാന്റെ നിയമവിരുദ്ധവും ശത്രുതാപരവുമായ നീക്കങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കുവൈത്തിന് പൂർണമായ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിചേർത്തു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും താൽക്കാലികമായി നിർത്തിവെച്ച സർവീസുകൾ പിന്നീട് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു.
