NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുട്ടികളെ തിരുത്താൻ അധ്യാപകർക്ക് അധികാരമുണ്ട്; അച്ചടക്കത്തിന് ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമല്ല; ശിക്ഷ പീഡനമാകരുത്, തിരുത്തലാകണം; ഹൈക്കോടതി..!

വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് സ്വതവേ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. ഭാരതീയ ന്യായ സംഹിതയിലോ ബാലനീതി നിയമത്തിലോ ഇത് സ്വമേധയാ ഒരു കുറ്റമായി പരിഗണിക്കാനാവില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള ‘മാരകായുധം’ ആയി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ അവരെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും അധ്യാപകർക്ക് അധികാരം നൽകുന്നുണ്ടെന്ന് കോടതി. കുട്ടിയുടെ സ്വഭാവ രൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല. എന്നാൽ, ഈ ശിക്ഷ കുട്ടിയെ ഉപദ്രവിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയാകരുത്.

ശിക്ഷ നൽകുന്നത് കുട്ടിയെ തിരുത്താനാണോ അതോ പീഡിപ്പിക്കാനാണോ എന്ന് കോടതികൾ കൃത്യമായി പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു.

വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിച്ചതിനെത്തുടർന്ന് ബാലനീതി നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസ് എടുത്തിരുന്നത്.

എന്നാൽ കുട്ടിക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അച്ചടക്കം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും വിലയിരുത്തിയ കോടതി അധ്യാപകനെതിരെയുള്ള നടപടികൾ റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!