NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വേനലിലേക്ക് കേരളം; ഈ മാസം മുതൽ ചൂട് കൂടും;  ജനുവരിയിലെ മഴക്കണക്കുകൾ ആശ്വാസം, ഫെബ്രുവരി വെല്ലുവിളിയാകും..!

സംസ്ഥാനത്ത് ഈ മാസം മുതൽ ചൂട് ക്രമാതീതമായി വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വടക്കൻ കേരളത്തിലാണ് ചൂട് കൂടുതൽ പ്രകടമാകുക. പകൽ സമയങ്ങളിൽ ഇവിടെ സാധാരണ ലഭിക്കുന്നതിനേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് ജില്ലകളിൽ സാധാരണ നിലയിലുള്ള ചൂടായിരിക്കുമെന്നും അധികൃതർ.

​കഴിഞ്ഞ മാസം കേരളത്തിൽ ലഭിച്ച മഴയുടെ കണക്കുകൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇത്തവണ ജനുവരിയിൽ പ്രതീക്ഷിച്ചതിനേക്കാൾ 55 ശതമാനം അധിക മഴയാണ് ലഭിച്ചത്. സാധാരണയായി 7.4 മില്ലിമീറ്റർ മഴയാണ് ജനുവരിയിൽ ലഭിക്കാറുള്ളതെങ്കിൽ ഇത്തവണ അത് 11.4 മില്ലിമീറ്ററായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 5.5 മില്ലിമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ​ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. എന്നാൽ മലപ്പുറം, കൊല്ലം ജില്ലകളിൽ താരതമ്യേന കുറഞ്ഞ അളവിലാണ് മഴ പെയ്തത്.

ജനുവരിയിലെ ഈ അധിക മഴ ഭൂഗർഭ ജലനിരപ്പ് നിലനിർത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്നത് കൃഷിയെയും മറ്റും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കടുത്ത വേനലിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ജനങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *