പരപ്പനങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവർച്ച : പ്രതി പിടിയിൽ
പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തികൾക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ.
കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീൽ (24) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 17-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷനിൽ ജോലിക്ക് എത്തിയ തൊഴിലാളിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് പ്രതി കടന്നുകളയുകയായിരുന്നു.
പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പോലീസ് സംഘത്തിൽ എസ്ഐമാരായ ശ്യാം, അബ്ദുൾ സലാം, വിജയൻ, എഎസ്ഐ റീന, സിപിഒമാരായ ശ്രീനാഥ്, സച്ചിൻ, ജാസർ, പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
