പരപ്പനങ്ങാടിയിൽ പി. സുബൈദ നഗരസഭാധ്യക്ഷയും ഷമീം കിഴക്കിനിയകത്ത് ഉപാധ്യക്ഷനുമാകും
പരപ്പനങ്ങാടി : യുഡിഎഫ് ഭരിക്കുന്ന പരപ്പനങ്ങാടി നഗരസഭയിൽ ഒന്നാം ഡിവിഷനിൽ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ പി. സുബൈദ നഗരസഭാധ്യക്ഷയാകും. 25 വർഷത്തോളമായി സാക്ഷരത പ്രേരക് ആയ സുബൈദ മുസ്ലിം ലീഗിന്റെ വനിതാ നേതാവ് കൂടിയാണ്. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുബൈദ വിജയിച്ചത്.
ഡിവിഷൻ 25 ൽ നിന്നും വിജയിച്ച ലീഗിലെ ഷമീം കിഴക്കിനിയകത്താണ് ഉപാധ്യക്ഷനാകുന്നത്. മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം (640) കരസ്ഥമാക്കിയയാളാണ് ഷമീം. അതേസമയം കോൺഗ്രസിന് കഴിഞ്ഞ ഭരണസമിതിയിൽ അവസാന ഒരുവർഷം ഉപാധ്യക്ഷ സ്ഥാനം നൽകിയിരുന്നു. നേരത്തെ മൂന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ ഏഴ് അംഗങ്ങളായിട്ടുണ്ട്. എന്നാൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണ അവസാന രണ്ടര വർഷം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. അത് നല്കാൻ ലീഗ് തയ്യാറാവാത്തതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്.
മുൻ ധാരണപ്രകാരമുള്ള അവസാന ഒരുവർഷ കാലാവധി മാത്രമേ നൽകാനാകൂ എന്നാണ് ലീഗ് കോൺഗ്രസിനെ അറിയിച്ചിട്ടുള്ളത്. കൂടാതെ നേരത്തെ നൽകിയിരുന്ന രണ്ടു സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും കോൺഗ്രസിന് നൽകിയേക്കും. നേരത്തെ വികസനവും ക്ഷേമവുമാണ് കോൺഗ്രസിന് നൽകിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും ഉടൻ തീരുമാനമാകുമെന്നും കോൺഗ്രസ് നേതാവ് വി.പി. ഖാദർ പറഞ്ഞു
