ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം
ദോഹ: ഫലസ്തീനിൽ നടത്തിവരുന്ന ആക്രമണം രണ്ടുവർഷം ആകാനിരിക്കെ, ഖത്തറിനെക്കൂടി ആക്രമിച്ച് ഇസ്റാഈൽ. ദോഹയിലെ ഹമാസ് ആസ്ഥാനത്തെയാണ് സയണിസ്റ്റ് സൈന്യം ലക്ഷ്യംവച്ചത്. ദോഹയിലെ ബഹുനില കെട്ടിടം ആക്രമിച്ചതായും തലസ്ഥാനത്ത് ഉഗ്ര സ്ഫോടനശബ്ദം കേട്ടതായും കറുത്ത പുകച്ചുരുൾ ആകാശത്ത് ഉയർന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം നടക്കുമ്പോൾ ഹമാസിന്റെ മുൻനിര നേതാക്കൾ ഓഫിസിലുണ്ടായിരുന്നതായാണ് സൂചന. ആക്രമണം സംബന്ധിച്ച് ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചയ്ക്കെത്തിയതായിരുന്നു ഹമാസ് നേതാക്കൾ.
നിലവിൽ ഹമാസിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുൻനിര നേതാവായി കരുതുന്ന ഖാലിദ് മിശ്അൽ, ഖലീൽ അൽഹയ്യ, സഹീർ ജബാരിൻ എന്നിവരാണ് ഈ സമയത്ത് ഓഫിസിലുണ്ടായിരുന്നത്. ഇവരുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദാംശം പുറത്തുവന്നിട്ടില്ല. ഇസ്റാഈലിന്റെ നിരവധി വധശ്രമത്ത അതിജീവിച്ച ഖാലിദ് മിഅ്അൽ വർഷങ്ങളായി ഖത്തറിൽ പ്രവാസജീവിതം നയിക്കുകയാണ്. നയതന്ത്ര സംഭാഷണങ്ങളിൽ ഹമാസിനെ പ്രതിനിധീകരിക്കുന്നതും മിശ്അൽ ആണ്.
ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അൽ അൻസാരി പറഞ്ഞു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഖത്തറിലുള്ളവർക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇസ്റാഈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു. ഇസ്റാഈലിന്റെ പെരുമാറ്റവും മേഖലയുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയും ഉടമ്പടികളും ചട്ടങ്ങളും തുടർച്ചയായി അട്ടിമറിക്കുന്ന നീക്കവും അനുവദിക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു, പ്രസ്താവനയിൽ പറഞ്ഞു.
ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കളെ ആക്രമിക്കുന്നതിന് മുമ്പ് അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഒരു ഇസ്റാഈലി ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ ഹമാസ് നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ട്രംപ് സമ്മതം നൽകിയതായി ഇസ്റാഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
