അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നു; റിപ്പോർട്ട് ചെയ്തത് 41 കേസുകൾ, 18 പേർ ചികിത്സയിൽ; ജലസ്രോതസ്സുകൾ വൃത്തിയാക്കാൻ കർശന നിർദേശം; സംസ്ഥാന വ്യാപകമായി കിണറുകളും ടാങ്കുകളും ശുചീകരിക്കും..!


സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ രോഗം പ്രതിരോധിക്കാൻ ജലസ്രോതസ്സുകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 30, 31 (ശനി, ഞായർ) തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകളും ജലസംഭരണ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കും.
ഈ വർഷം ഇതുവരെ 41 അമീബിക് മസ്തിഷ്ക ജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലായി 18 പേർ ചികിത്സയിലുണ്ട്.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കണമെന്ന് നിർദേശം നൽകി. ഇത് പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതു കുളങ്ങളിലും തടാകങ്ങളിലും അടിഞ്ഞുകൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. ഒഴുക്കില്ലാത്തതും മലിനവുമായ ജലത്തിൽ കുളിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കൂടാതെ, ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും.
ഓണാവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനവും ബോധവൽക്കരണവും നൽകും. അമീബയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.