ചെട്ടിപ്പടിയിൽ വീട് കയറി ആക്രമണം; ഗൃഹനാഥന് ഗുരുതര പരിക്ക്; മൂന്ന് പേർ അറസ്റ്റിൽ


പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ വഴി തർക്കത്തെ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ചെട്ടിപ്പടി സ്വദേശികളായ കുട്ടുവിന്റെ പുരക്കൽ ഉബൈസ് (30), പിതാവ് ഉസ്മാൻ(59), സഹോദരൻ നബീൽ(28) എന്നിവരാണ് അറസ്റ്റിലായത്.
ചെട്ടിപ്പടി മാഞ്ചേരി വീട്ടിൽ മുരളി (62) യെയും കുടുംബത്തെയുമാണ് ഇവർ വീട്ടിൽ കയറിമർദ്ദിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുരളിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ പരപ്പനങ്ങാടി നഗരസഭ കൗൺസിലർ കൂടിയായ മുഹ്സിനയെയും പ്രതിചേർത്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ചുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് അയൽവാസിയായ മുരളിയുടെ വീട്ടിലേക്ക് പ്രതികളായ ഇവരെത്തി വീട്ടിലുണ്ടായിരുന്ന നിലവിളക്ക്, കിണ്ടി, മടൽ എന്നിവ ഉപോയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരപ്പനങ്ങാടി സി.ഐ വിനോദ് വലിയാട്ടൂർ പറഞ്ഞു. ആക്രമണത്തിന്റെ സിസിടി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഏറെക്കാലമായി ഇരുവീട്ടുകാരും തമ്മിൽ വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. മുരളിയുടെ മകനായ രഞ്ജിത്തും ഉസ്‌മാനും തമ്മിൽ സംഭവം നടക്കുന്നതിന് കുറച്ച് മുൻപ് തർക്കമുണ്ടായതായും ഇത് ചോദിക്കാനായി മുരളിയുടെ വീട്ടിലേക്ക് ഉസ്മാനും മക്കളും വരികയും ഇവിടെ വെച്ച് മുരളിയെയും ഭാര്യയേയും മകനെയും ക്രൂരമായി മർദ്ധിച്ചുവെന്നുമാണ് പരാതി. പ്രതികൾക്കെതിരെ വധശ്രമത്തിനടക്കം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പരപ്പനങ്ങാടിയിൽ വെച്ചാണ് മൂന്ന് പേരെയുംഅറസ്റ്റ് ചെയ്തത്.
പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. ഭീഷണിപ്പെടുത്തിയതിനും, തെറിവിളിച്ചതിനും, കൈകൊണ്ട് അടിച്ചതിനും മുരളിക്കും മകൻ രഞ്ജിത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷ സാധ്യത മുന്നിൽ കണ്ട് പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി, കൽകഞ്ചേരി സി ഐ മാരുടെ നേതൃത്വത്തിൽ പോലീസ് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.
സി.ഐ.ക്ക് പുറമെ എസ്.ഐ. രവി, എസ്.സി.പി.ഒ ശ്യാം സോമൻ, എസ്.പി.ഒ.ശ്രീനാഥ് സച്ചിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു