NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘പാളത്തിന് കുറുകേ പോസ്റ്റ് വെച്ചത് ട്രെയിൻ തട്ടി മുറിയാൻ’; പിടിയിലായവർ പറഞ്ഞത് വിശ്വസിക്കാതെ പൊലീസ്, കസ്റ്റഡിയിലുള്ളവർ നിരവധി ക്രിമിനൽ കേസിലെ പ്രതികൾ

1 min read

റെയിൽവേ പാളത്തിന് കുറുകേ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിലെ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പൊലീസ്.

 

കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനുമിടയിലാണ് ഇന്നലെ പുലർച്ചയോടെ പോസ്റ്റ് കണ്ടെത്തിയത്.

 

കേസിൽ ഇളമ്പള്ളൂർ രാജേഷ് ഭവനിൽ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയിൽ അരുൺ (33) എന്നിവരെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

രാജേഷും അരുണും ഒട്ടേറെ ക്രിമിനൽക്കേസുകളിലെ പ്രതികളെന്ന് പൊലീസ് പറയുന്നു. കുണ്ടറയിൽ എസ്ഐയെ ആക്രമിച്ച കേസിലടക്കം പ്രതികളാണിവർ.

 

ടെലിഫോൺ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയൺ വേർപെടുത്തി ആക്രിയായി വിൽക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്.

വണ്ടിതട്ടി മുറിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.സംഭവത്തിൽ അട്ടിമറിസാധ്യത ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽപ്പേർക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പെരുമ്പുഴയിലെ ബാറിനു സമീപത്തുനിന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

 

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ സ്‌കൂട്ടർ രണ്ടുദിവസം മുൻപ് പൊലീസിന്റെ രാത്രി പരിശോധനയിൽ കണ്ടിരുന്നു. മുഖസാദൃശ്യവും പരിശോധിച്ചശേഷമാണ് ഇവരെ പിടികൂടിയതെന്ന് റൂറൽ എസ്പി കെഎം സാബുമാത്യു പറഞ്ഞു.

 

സമീപവാസിയാണ് ട്രാക്കിൽ പോസ്റ്റ് കണ്ടെതിനെ തുടർന്ന് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. ഇയാളുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിൽ ആദ്യം പോസ്റ്റ് കണ്ടത്.

 

സംഭവമറിഞ്ഞ് പൊലീസെത്തി നീക്കം ചെയ്തു. എന്നാൽ, രണ്ടു മണിക്കൂറിനുശേഷം വീണ്ടും പാളത്തിൽ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സംഭവം.

Leave a Reply

Your email address will not be published.