NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്, കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. അഞ്ച് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് നൽകിയത്. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

 

കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ്‌ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.

 

അതേ സമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ
അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

 

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.

സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *