NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ്‌ നെഗറ്റീവ്‌ ആയിട്ടും കോവിഡ്‌ ചികിത്സ നടത്തി; അഞ്ച്‌ ലക്ഷം നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

പ്രതീകാത്മക ചിത്രം

 

മലപ്പുറം : കോവിഡ് നെഗറ്റിവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്ത കമ്മീഷന്റെ വിധി.

2021 മെയ് 26ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രോഗിയായ പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്ര പരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പരാതിക്കാരിക്ക് ഭര്‍ത്താവുമായോ ശാരീരിക അവശതകള്‍ നേരിടുന്ന മകനുമായോ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല.

കോവിഡ് സംശയിക്കുന്ന രോഗികളില്‍ നിന്ന് ഒറ്റമുറിയിലേക്ക് മാറ്റിത്തരണമെന്ന രോഗിയുടെ അപേക്ഷയും നിരസിക്കപ്പെട്ടു. മൂന്നാം ദിവസം ഭര്‍ത്താവിനെ കാണാന്‍ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയുടെയും ഡോക്ടറുടെ ഉപദേശത്തിനെതിരെ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി മടങ്ങി.

 

രണ്ടാഴ്ചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കിഡ്‌നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്ടര്‍ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. കടുത്ത കോവിഡ് രോഗബാധിതര്‍ക്ക് മാത്രം നല്‍കുന്നതും കിഡ്‌നി രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാന്‍ പാടില്ലാത്തതുമായ മരുന്നുകളാണ് നല്‍കിയതെന്നും അതിനാല്‍ കടുത്ത മാനസിക ആഘാതവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കേണ്ടിവന്നുവെന്നും ഹരജിക്കാരി കമ്മീഷനെ ബോധിപ്പിച്ചു.

 

കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്. രോഗിയുടെ മേല്‍ പ്രയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ച മരുന്ന് പ്രയോഗിക്കുമ്പോള്‍ രോഗിയെ ബോധ്യപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ ഡോക്ടര്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരിയുടെ അപേക്ഷയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് അന്വേഷണം നടത്തിയ വിദഗ്ധ സംഘം ഇക്കാര്യം നിരീക്ഷിച്ചിട്ടുമുണ്ട്.

 

പരിശോധന ഫലം നെഗറ്റീവാണെന്ന വിവരം കിട്ടുമ്പോള്‍ രോഗിയുടെ മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന പോസിറ്റീവ് ഫലം പരിഗണിക്കാതെയുള്ള ചികിത്സ ന്യായീകരിക്കാനാവില്ല. ഇതുമൂലം രോഗിക്കുണ്ടായ ശാരീരികവും മാനസികവുമായ ആഘാതം നിര്‍ണയിക്കാനാവാത്തതും തെളിയിക്കപ്പെടേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25000 രൂപയും നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *