NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥിയുടെ മരണം നാടിനെ ഞെട്ടിച്ചു.

1 min read

നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥിയുടെ മരണം നാടിനെ ഞെട്ടിച്ചു.  മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.വി.വി പ്രകാശ് ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. 56 വയസായിരുന്നു.  ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. നിലമ്പൂര്‍ എടക്കര സ്വദേശിയാണ് വി.വി പ്രകാശ്.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി  എടക്കരയില്‍ ജനനം. എടക്കര ഗവൺമെന്‍റ്  ഹൈസ്കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം.മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം.കോഴിക്കോട് ഗവണ്‍മെന്‍റ്  ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന്  ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

മലപ്പുറം കോൺഗ്രസിലെ ആദർശരാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അന്തരിച്ച വിവി പ്രകാശ്. ഇടതു സ്വതന്ത്രൻ പിവി അൻവർ അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്ത നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപിച്ച ദൗത്യം പൂർത്തിയാക്കി ഫലമറിയാൻ കാത്തുനിൽക്കാതെയാണ് മലപ്പുറം കോൺഗ്രസിലെ ജനകീയൻ വിവി പ്രകാശ് മടങ്ങുന്നത്. അൻവർ എംഎൽഎ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ജനസമ്മതിക്കുപുറമെ പ്രാദേശികമായി മുന്നണിയിലും പാർട്ടി ഘടകങ്ങളിലുമെല്ലാം നിലനിൽക്കുന്ന വിഭാഗീയതകളും മണ്ഡലം തിരിച്ചുപിടിക്കുക ബാലികേറാമലയാകുമെന്ന വിലയിരുത്തൽ ആദ്യംതന്നെ യുഡിഎഫിലുണ്ടായിരുന്നു.

 

എന്നാൽ, ഇതിനുകൂടിയുള്ള പരിഹാരമായാണ് ജില്ലയിൽ യുഡിഎഫ് സംവിധാനത്തെയും കോൺഗ്രസ് പാർട്ടിയെയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ മുന്നിൽനിന്നു നയിച്ചു സർവസമ്മതി നേടിയ വിവി പ്രകാശ് നിലമ്പൂരിൽ അങ്കംകുറിക്കാനെത്തിയത്.

വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ വൻഭൂരിപക്ഷത്തിനു തന്നെ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തെരഞ്ഞെടുപ്പിനു ശേഷം പ്രകാശും യുഡിഎഫ് ക്യാംപും. എന്നാൽ, ഈ അപ്രതീക്ഷിതമായ വിയോഗം നേതാക്കളെയും പ്രവർത്തരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. പ്രകാശിനു പകരം പ്രകാശ് മാത്രമെന്നതു തന്നെയാണ് ഇതിനു കാരണവും. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് മരണം.

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ വി.വി പ്രകാശ് ഏറനാട്  താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം  ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.പിന്നീട് കെ.സി.വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍  ജനറല്‍ സെക്രട്ടറിയായി.കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെ.പി.സി.സി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ്  നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി നിയമിതനായി. സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം.ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം,എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ സ്മിത, മക്കള്‍: വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!