NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ ആദ്യത്തെ വെന്‍റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ

calicut beach

കോഴിക്കോട് : സംസ്ഥാനത്തെ ആദ്യത്തെ വെന്‍റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ ഒരുങ്ങുന്നു. ബീച്ചിലെത്തുന്ന രുചിപ്രേമികള്‍ക്ക് ഇനി മുതല്‍ കോഴിക്കോടിന്റെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആസ്വദിച്ചു കഴിക്കാം. സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റൊരുക്കി രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ബീച്ച്…

കോഴിക്കോട് കോര്‍പ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനും ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ്. ബീച്ചിലെത്തുന്നവര്‍ക്കായി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബീച്ചിന്റെ പല ഭാഗങ്ങളിലായി കച്ചവടം നടത്തിയിരുന്ന ആളുകളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരും.

ഉപ്പിലിട്ടതും ഐസ് ചുരണ്ടിയതുമൊക്കെയായി രുചിയുടെ കലവറ തീര്‍ക്കുന്ന കോഴിക്കോട് ബീച്ചിലെ ഭക്ഷ്യവൈവിധ്യം ഇനി വേറെ ലെവലായിരിക്കും.

നിലവില്‍ ബീച്ചിലെ 90 കച്ചവടക്കാരെ ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ എതിര്‍വശം മുതല്‍ ഫ്രീഡം സ്‌ക്വയര്‍ വരെയാണ് ബീച്ചിന്റെ സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഒരുക്കുക. ഒരു വരിയില്‍ തട്ടുകടകള്‍ ഒരുക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ഡിപിആര്‍ വകയിരുത്തിയത്.

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് കോര്‍പ്പറേഷന്‍ ഒരുക്കുക. ശുദ്ധജലം, മലിനജല സംസ്‌കരണം എന്നിവ ഉറപ്പാക്കും. ഒരേ രീതിയിലുള്ള വണ്ടികളാണുണ്ടാവുക. കൂടാതെ ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ പലിശ സബ്‌സിഡിയോടു കൂടി സ്വയം തൊഴില്‍ വായ്പയും നല്‍കും. കോര്‍പ്പറേഷന്‍ വജ്ര ജൂബിലി വാര്‍ഷികത്തിന്റെ ഭാഗമായി എറ്റെടുത്ത പദ്ധതിയാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *