തിരൂരങ്ങാടി മണ്ഡലത്തില്‍ ഗ്രാമീണ റോഡ് നവീകരണങ്ങള്‍ക്ക് 24.7 ലക്ഷം രൂപയുടെ അനുമതി
തിരൂരങ്ങാടി മണ്ഡലത്തില്‍ ഗ്രാമീണ റോഡ് നവീകരണങ്ങള്‍ക്ക് 24.7 ലക്ഷം രൂപയുടെ അനുമതിലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകള്‍ക്ക് റവന്യു വകുപ്പില്‍ നിന്നും ലഭിക്കുന്ന പദ്ധതിയിലൂടെയാണ് സര്‍ക്കാര്‍ തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിട്ടുള്ളത്.
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കുറുകത്താണി കഴുങ്ങിലപ്പടി റോഡ്-4.9 ലക്ഷം, പരപ്പനങ്ങാടി നഗരസഭയിലെ പള്ളിപ്പുറം റോഡ്-10 ലക്ഷം, കക്കാട്ട് താഴം റോഡ് -4.9 ലക്ഷം, പല്ലവി കാളികാവ് മൈതാനം മുരിക്കല്‍ റോഡ് -4.9 ലക്ഷം എന്നിങ്ങനെയാണ് റോഡ് നവീകരണങ്ങള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സംസ്ഥാന തല റവന്യു അസ്സംബ്ലിയിലും ഈ ആവശ്യം കെ.പി.എ മജീദ് ഉന്നയിച്ചിരിന്നു. ഈ പദ്ധതി പ്രകാരം തിരൂരങ്ങാടി മണ്ഡലത്തില്‍ ഗ്രാമീണ റോഡ് നവീകരണങ്ങള്‍ക്ക് നല്‍കിയ പ്രോപോസലുകളില്‍ 145 ലക്ഷം രൂപയുടെ അനുമതി കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം 60 ലക്ഷം രൂപയുടെ ഭരണാനുമതി തിരൂരങ്ങാടി മണ്ഡലത്തില്‍ ഗ്രാമീണ റോഡ് നവീകരണങ്ങള്‍ക്ക് ലഭ്യമാക്കിയിരിന്നു.
ഫിനാന്‍ഷ്യല്‍ അനുമതിയും, സാങ്കേതിക അനുമതിയും, ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി കെ.പി.എ മജീദ് പറഞ്ഞു.
