ഡ്രൈവിങ്ങിനിടെ അസ്വാസ്ഥ്യം; ഓട്ടോഡ്രൈവർ മരിച്ചു


തിരൂരങ്ങാടി ഡ്രൈവിങ്ങിനിടെ ശരീരികാസ്വാസ്ഥ്യമുണ്ടായ ഓട്ടോഡ്രൈവർ മരിച്ചു. സൗത്ത് കൊളപ്പുറം മുളമൂക്കിൽ അനിൽകുമാറാണ് (49) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊളപ്പുറത്തുനിന്ന് ചെമ്മാട്ടേക്ക് വരുന്നതിനിടെ മമ്പുറം ബൈപ്പാസിലാണ് സംഭവം.
നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന് വാഹനം വേഗം കുറച്ച് ഒതുക്കിനിർത്താൻ ശ്രമിക്കുന്നതിനിടെ റോഡരികിലെ മരത്തിലിടിച്ച് നിൽക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മിനി. മക്കൾ: വിഷ്ണുപ്രിയ, വിശ്വജിത്ത്.