പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; മണിപ്പൂർ വിഷയം ചർച്ചയാക്കാൻ പ്രതിപക്ഷം
ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതും സമ്മേളനത്തിൽ ചർച്ചയാകും.
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ശമനമില്ലാത്ത മണിപ്പൂർ കലാപം ആദ്യ ദിനം തന്നെ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർ കൂട്ടബലാത്സംഗത്തിന് ഇരയായതായും പരാതിയുണ്ട്. ഈ വിഷയം പാർലമെൻ്റിനകത്തും പുറത്തും ചർച്ചയാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
മണിപ്പൂർ വിഷയത്തിൽ കോൺഗ്രസ്, സിപിഐ, ആംആദ്മി പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഞ്ജയ് സിംഗ്, ബിനോയ് വിശ്വം എന്നിവർ രാജ്യസഭയിലും മനീഷ് തിവാരി ലോക്സഭയിലുമാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ ഐക്യം പാർലമെൻ്റിലും ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ ഇത്തവണത്തെ പാർലമെൻ്റ് സമ്മേളനം ബിജെപിയുടെയും പ്രതിപക്ഷ സഖ്യത്തിൻ്റെയും ബലപരീക്ഷണമാകുമെന്ന് ഉറപ്പാണ്.
ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതും സമ്മേളനത്തിൽ ചർച്ചയാകും. ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ബില്ലായി സമ്മേളനത്തിൽ വരുന്നതിനെയും പ്രതിപക്ഷം എതിർക്കും. പ്രതിപക്ഷ കക്ഷികൾ ‘ഇന്ത്യ’ മുന്നണി രൂപീകരിച്ചതിനു തൊട്ടു പിന്നാലെയാണ് വർഷകാല സമ്മേളനം നടക്കുന്നത്.
