അഞ്ച് ദിവസത്തിനിടെ കശ്മീരിൽ രണ്ട് തീവ്രവാദി ആക്രമണം; രണ്ട് തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തു
ശ്രീനഗർ: തെക്കൻ കശ്മീരിൽ ചൊവ്വാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക് വെടിയേറ്റു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്കാണ് വെടിയേറ്റത്. അഞ്ച് ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണ് അനന്ത്നാഗ് ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായത്. മുൻപ് പ്രദേശത്ത് നടന്ന ആക്രമണം തടയുന്നതിൽ പരായപ്പെട്ടതിന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തി മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശികളായ അക്ഷയ്, സൗരവ് എന്നിവരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ജൂലൈ 13ന് ഷോപിയാൻ ജില്ലയിലെ ഗാഗ്രെനിൽ ബിഹാറിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾക്ക് വെടിയേറ്റിരുന്നു.
ബുധനാഴ്ച പുൽവാമയിലെ റോഡരികിൽ വനപാലകർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെക്കൻ കാശ്മീരിലെ ബംഗേനന്ദർ പാലത്തിന് സമീപം തടി കടത്തുകാരെ പിടികൂടാൻ സ്ഥാപിച്ച ചെക്ക് പോയിന്റിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. എല്ലാ മേഖലയിലും സുരക്ഷാ സേനയുടെ സാനിധ്യമുണ്ടായിട്ടും ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാണ്.
