വീട്ടിൽ നിന്ന് ഒരുലക്ഷം രൂപയും ആറുപവനും കവർന്നു
ഈ സമയം രത്നാകരന്റെ ഭാര്യയും ആറും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളും പ്രായമായ അമ്മൂമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരതുറന്ന് അതിനുള്ളിൽ ബാഗിൽസൂക്ഷിച്ചിരുന്ന രൂപയും ആഭരണങ്ങളും കവരുകയായിരുന്നു. മുറിയിലുണ്ടായിരുന്ന കട്ടിലിൽ തലയിണയ്ക്കുതാഴെ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത്.
വീടിന്റെ പണി പൂർത്തിയാക്കുന്നതിനായി കരുതിവെച്ചിരുന്ന പണമാണ് മോഷണംപോയത്. അലമാരയിലെ പണവും സ്വർണവും കൈക്കലാക്കിയശേഷം മോഷ്ടാവ് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന രത്നാകരന്റെ ഭാര്യ മേഘയുടെ കഴുത്തിലെ താലിമാലയും പൊട്ടിച്ചെടുത്താണ് കടന്നത്. മേഘ ബഹളംവെച്ചതോടെ മോഷ്ടാവ് ഓടിമറഞ്ഞു. മോഷ്ടാവിന്റെ കൈയിൽ കത്തി ഉണ്ടായിരുന്നതായും തല തുണികൊണ്ട് മറച്ചിരുന്നതായും പറയുന്നു. വീടു വാങ്ങി രത്നാകരനും കുടുംബവും ഇവിടെ താമസമായിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളു.
കൊണ്ടോട്ടി ഐ.സി.ഐ.സി.ഐ. ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ രത്നാകരൻ, മോഷണം നടക്കുമ്പോൾ ജോലിസ്ഥലത്തായിരുന്നു. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.
മേഘയുടെ പരാതിയിൽ എസ്.ഐ. ഫാദിൽ റഹ്മാന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സയൻറിഫിക് ഓഫീസർ ഡോ. മിനി, വിരലടയാളവിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ എത്തി തെളിവുകൾ ശേഖരിച്ചു.