കുനിയിൽ ഇരട്ടക്കൊലക്കേസിൽ വിധി പറയൽ ഇന്ന്

2012 ജൂൺ പത്തിന് കുനിയിൽ കൊളക്കാടൻ അബ്ദുൽകലാം(37), സഹോദരൻ അബൂബക്കർ(48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയിൽ അങ്ങാടിയിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 22 പ്രതികളാണുള്ളത്. ഒന്നുമുതൽ പതിനൊന്നുവരെയും പതിനെട്ടും പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ വ്യാഴാഴ്ച കോടതി കണ്ടെത്തി. ഒൻപതുപേരെ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടു. ഒരാളുടെ വിചാരണ പൂർത്തിയായിട്ടില്ല. പതിനൊന്ന് പ്രതികൾക്കെതിരേ കൊലപാതകം, അന്യായമായി സംഘംചേരൽ, മാരകായുധങ്ങളുമായി ലഹള നടത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. പതിനെട്ടാം പ്രതിക്കെതിരേ കൊലപാതകത്തിനുപുറമേ ഗൂഢാലോചനാകുറ്റവും തെളിഞ്ഞു.
275 സാക്ഷിമൊഴികളും മൂവായിരത്തോളം രേഖകളും നൂറോളം തൊണ്ടിമുതലുകളും പരിശോധിച്ചു. ഒന്നാം പ്രതി കുറുവാടൻ മുഖ്താർ, 16-ാം പ്രതി ഷറഫുദ്ദീൻ എന്നിവരുടെ സഹോദരനും യൂത്ത് ലീഗ് പ്രവർത്തകനുമായ കുറുവാടൻ അതിഖ് റഹ്മാൻ (35) കുനിയിലെ ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ടു. ഈ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട സഹോദരന്മാർ. പ്രതികാരവും പൂർവവൈരാഗ്യവുമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികളിലധികവും മുസ്ലിംലീഗ് പ്രവർത്തകരാണ്.