തിരുരങ്ങാടി താലൂക്കിൽ വോട്ടർ ഐഡി ആധാർ ലിങ്കിംഗ് അവസാന ഘട്ടത്തിലേക്ക്.; ജനുവരി 25 വരെ അവസരം
തിരുരങ്ങാടി ; വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ യജ്ഞത്തിൽ തിരൂരങ്ങാടി താലൂക്കിലെ 370000 വോട്ടർമാർ ഭാഗമായി. വേങ്ങര നിയോജക മണ്ഡലത്തിൽ 117306 വോട്ടർമാരും വള്ളിക്കുന്നിൽ 130776 വോട്ടർമാരും തിരൂരങ്ങാടിയിൽ 120299 വോട്ടർമാരും വോട്ടർഐഡി ആധാറുമായി ബന്ധിപ്പിച്ചു.
2021 ഡിസംബറിൽ പാർലമെന്റ് അംഗീകരിച്ച തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ആക്ട് പ്രകാരം എല്ലാ വോട്ടർമാരെയും അവരുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തു വരുന്നു . വോട്ടർമാരുടെ ആധികാരികമാക്കുന്നതിനും കള്ളവോട്ട് തടയുന്നതിനും നിയോജക മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണയോ പേരുകൾ ഉണ്ടാകുന്ന സാഹചര്യങ്ങളും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ തടയാനാകും.
ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും , താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിൽ നേരിട്ടെത്തിയും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാം. കൂടാതെ പ്ലെയ്സ്റ്റോറിൽ ലഭ്യമായിട്ടുള്ള വോട്ടർ ഹെല്പ് ലൈൻ ആപ് വഴിയും www.nvsp.in എന്ന വെബ്സൈറ്റിലൂടെയും സ്വന്തമായും ആധാർ ലിങ്ക് ചെയ്യാനാകും.
കൂടുതൽ സുതാര്യവും കുറ്റമറ്റതുമായ തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകാൻ ഇനിയും ബാക്കിയുള്ള വോട്ടർമാർ ജനുവരി 25 നുള്ളിൽ തങ്ങളുടെ വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസരം വിനിയോഗിക്കണമെന്ന് ഇലക്ട്റൽ രജിസ്ട്രേഷൻ ഓഫീസർ & തഹസിൽദാർ അഭ്യർത്ഥിച്ചു.
