നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം; പ്രവൃത്തി താല്‍ക്കാലിക മായി നിര്‍ത്തിവെക്കും. സർവേ നടത്തി കയ്യേറ്റമൊഴി പ്പിക്കും എം.എല്‍.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
1 min read
നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തികലുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിക്കുന്നതിനായി പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം.

തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തികള്‍ തിരൂരങ്ങാടി ഭാഗത്ത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പരപ്പനങ്ങാടി മുതൽ നാടുകാണി വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തിയിലെ അപാകതകൾ ചൂണ്ടി കാണിച്ച് സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവൃത്തി തടയുകയും ചെയ്തത സാഹചര്യത്തില്‍ എം.എൽ.എ. യുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
തൃക്കുളം-അമ്പലപ്പടി മുതൽ കക്കാട് വരെയുള്ള ഭാഗങ്ങളിൽ കരാറ് പ്രകാരം റോഡിന്റെ ഇരുവശങ്ങളിലും ഡ്രൈനേജ് നിർമ്മാണം നടത്താതെയും ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിൽ നിന്നും മാറ്റി സ്ഥാപിക്കാതെയും. പി.ഡബ്ല്യൂ.ഡി റോഡ് കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങളും കടത്തിണ്ണകളും മതിലുകളും പൊളിച്ചുമാറ്റാതെയുമാണ് പ്രവർത്തി നടത്തികൊണ്ടിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപങ്ങൾ.
12 മീറ്റര്‍ വീതിയിൽ റോഡ് നിർമാണവും സർക്കാർ ഭൂമിയിലെ കയ്യേറ്റം പൂർണ്ണമായി ഒഴിപ്പിച്ചെടുക്കാനും, വീതിയില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി വിലകൊടുത്തു വാങ്ങാനുമാണ് പദ്ധതിയിലെ നിർദ്ദേശം. ഈ നിദ്ദേശങ്ങളും ലംഘിച്ച് മുന്നോട്ട് പോയതും പ്രതിഷേധങ്ങൾക്ക് കാരണമായി.
എന്നാൽ പദ്ധതി ആരംഭം മുതൽക്കെ അനധികൃത കെട്ടിടങ്ങളും മറ്റും പൊളിച്ചു മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കയ്യേറ്റങ്ങൾ അടയാളപെടുത്തി നോട്ടിസ് നൽകിയിട്ടുണ്ടായിരുന്നെങ്കിലും കെട്ടിട ഉടമകൾ ചില രാഷ്ട്രീയ നേതാക്കളുടെ പിൻബലം ഉപയോഗപ്പെടുത്തി ഉദ്യോഗസ്ഥരുടെ ഒത്താശയോടും കൂടി കയ്യേറ്റം തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിനിടെ അധികൃതർ കണ്ണടച്ച് പ്രവർത്തി തുടങ്ങുകയും പേരിന് മാത്രം റോഡ് ടാറിങ്ങ് നടത്തി വരിക മാത്രമാണ് ചെയ്തു വന്നത്. ടാറിങ് പ്രവർത്തി തീരുന്ന മുറക്ക് പദ്ധതി ഉപേക്ഷിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണ് കരാറുകാർ. അനധികൃതമായി നടത്തി വരുന്ന ഈ പ്രവർത്തിയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി രംഗത്ത് എത്തിയത്.
പ്രവൃത്തിയിലെ അപാകതകളും നിയമലംഘനങ്ങളും കാണിച്ച് നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും അധികൃതർ പരാതിക്ക് പരിഹാരം കാണാതെ നിയലംഘനം തുടർന്ന സാഹചര്യത്തിൽ മൂന്ന് തവണ ഇവർ പ്രവർത്തി തടഞ്ഞിരുന്നു.
തടയുന്ന സമയങ്ങളിൽ നിയമപരമായി പ്രവർത്തി നടത്താമെന്ന രേഖാമൂലം ഉറപ്പും നൽകി സമരക്കാരെ പിന്തിരിപ്പിക്കുകയും ചെയ്തതോടെയാണ് സമിതി സമരം ശക്തമാക്കിയത്. ഇതോടെ എംഎൽഎ. വിളിച്ചു ചേർത്ത യോഗത്തിൽ കക്കാട് മുതല്‍ അമ്പലപ്പടിവരെയുള്ള ഭാഗത്ത് ജില്ലാ സര്‍വ്വെ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീണ്ടും സര്‍വ്വെ നടത്താനും ഡ്രൈനേജ് നിര്‍മ്മാണം കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
റോഡിലെ കുഴികൾ ഉടൻ അടച്ച് യാത്രാ ക്ലേശം ഒഴിവാക്കും, കയ്യേറ്റമുള്ളത് ഒഴിപ്പിക്കുകയും അല്ലാത്തിടങ്ങളിൽ എസ്റ്റിമേറ്റില്‍ പറഞ്ഞത് പ്രകാരമുള്ള നവീകരണം പൂര്‍ത്തിയാക്കുന്നതിനും തീരുമാനമായി. തിരൂരങ്ങാടി, അമ്പലപ്പടി ഭാഗങ്ങളില്‍ ഡ്രൈനേജ് നിര്‍മ്മാണം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.
മുന്‍സിപ്പാലിറ്റി റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിന് മുന്‍സിപ്പാലിറ്റിയുമായി കൂടിയാലോചിക്കും. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റുന്നതിനാവശ്യമായ നടപടികൾ ഉണ്ടാവും, വെള്ളകെട്ട് നിലനിൽക്കുന്ന ഭാഗങ്ങളിൽ ഔട്ട് ലെറ്റ് ഒരുക്കുന്നതിന് മുൻസിപ്പാലിറ്റി സ്ഥലം ഒരുക്കി നൽകുന്ന മുറക്ക് ഡ്രൈനേജുകളും നിർമിക്കും.
ആദ്യം 12 മീറ്ററെന്നും പിന്നീട് 9 മീറ്ററെന്നും ഇപ്പോ അതിലും കുറച്ചാണ് ടാറിംഗ് നടക്കുന്നത്. സ്ഥലം ഏറ്റെടുക്കുമെന്നും കയ്യേറ്റം ഒഴിപ്പിക്കുമെന്നെല്ലാം പറഞ്ഞിരുന്നു. ഒന്നും നടന്നില്ലെന്ന് മാത്രമല്ല ജനങ്ങളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം സൃഷിടിച്ചാണ് പദ്ധതി മുന്നോട്ട് പോയത്.
തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്മാന് കെ.പി മുഹമ്മദ് കുട്ടി, അഡ്വ.പി.എം.എ സലാം, സി. ഇബ്രാഹീം കുട്ടി, സമര സമിതി നേതാക്കളായ എം.പി. സ്വാലിഹ് തങ്ങൾ, യാസീൻ തിരൂരങ്ങാടി,
പൊതുമരാമത്ത് ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അഷ്റഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷാഫി, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സിദ്ധീഖ് ഇസ്മായീല്‍, ശ്രീജിത്ത്, ഊരാലുങ്ങല്‍ ഡയറക്ടര്‍ അജിത്ത്, മറ്റു ഉദ്യോഗസ്ഥരായ റസാഖ്, ഷൈനു, സൈറ്റ് എഞ്ചിനിയര്‍ ഷിബിന്‍ എന്നിവർ പങ്കെടുത്തു.
സമരക്കാർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും അംഗീകരിച്ചതോടെ തൽക്കാലത്തേക്ക് മറ്റ് പ്രതിഷേധ പരിപാടികൾ മാറ്റി വെച്ചതായി സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചു.