‘നിയമം ലംഘിച്ച് ഒരു വാഹനവും ഇനി നിരത്തില്‍ ഇറങ്ങില്ല’; കര്‍ശന നടപടിയുമായി സര്‍ക്കാര്‍
വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന് ഫോക്കസ് ത്രീ പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
‘നിയമവിരുദ്ധമായി ഒരു വാഹനവും ഇനി മുതല്‍ നിരത്തില്‍ ഇറക്കാന്‍ അനുവദിക്കില്ല. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്തും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാഹനങ്ങള്‍ പരിശോധിക്കും. നിയമവിരുദ്ധമെന്ന് കണ്ടാല്‍ വാഹനങ്ങളെ ഓടാന്‍ അനുവദിക്കില്ല,’ ആന്റണി രാജു പറഞ്ഞു.
വാഹനങ്ങള്‍ക്ക് രൂപ മാറ്റം വരുത്തിയാല്‍ ഉടമസ്ഥനെതിരെയും അതിനു സഹായിക്കുന്നവര്‍ക്കെതിരെയും നടപടി . ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ പിഴ ഈടാക്കും. കളര്‍ കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ നടപടിയുണ്ടാകും.
ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിശ്ചിത വണ്ടികളുടെ ചുമതല നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് ആയിരിക്കും. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും,’ എന്നും മന്ത്രി പറഞ്ഞു.
