NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം തടവ്, 12.50 ലക്ഷം രൂപ പിഴ

കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ മരിച്ച കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.50 ലക്ഷം രൂപ പിഴയും.
കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 304 ബി പ്രകാരം സ്ത്രീധന മരണം, 498 എ- സ്ത്രീധന പീഡനം, 306 -ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ എന്നിങ്ങനെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛന് സുഖമില്ല, ഓർമക്കുറവുണ്ട്, അപകടമുണ്ടാകാനുള്ള സാധ്യതയു​ണ്ട്. വിസ്മയയുടെത് ആത്മഹത്യയാണ് എന്നും കിരൺ കോടതിയിൽ പറഞ്ഞു.
കേസ് വ്യക്തിക്കെതിരെയല്ല, സാമൂഹിക വിപത്തിനെതിരെയുള്ളതാണെന്നും രാജ്യം ഉറ്റുനോക്കുന്ന കേസാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പരമാവധി ശിക്ഷ നൽകി വിധി പൊതുസമൂഹത്തിനുള്ള സന്ദേശമായിരിക്കണമെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും നിയമം പാലിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പ്രതിയെന്നും പ്രൊസിക്യൂഷൻ കോടതിയെ ഓർമിപ്പിച്ചു. വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും ഭാര്യയോട് പ്രാകൃതനടപടിയാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *