ഒരു നേതാവിന് ഒരു സ്ഥാനം; മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂദല്‍ഹി: മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കമല്‍നാഥ് രാജിവെച്ചതിന് പിന്നാലെ പുതിയ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി.’ഒരു നേതാവിന് ഒരു സ്ഥാനം’ എന്ന നിലപാട് സ്വീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
മെയ് മാസത്തില്‍ നടക്കുന്ന ‘ചിന്തന്‍ ശിവിര്‍’ നേതൃയോഗത്തിന് ശേഷം ഇക്കാര്യം എ.ഐ.സി.സി, സംസ്ഥാന തലത്തില്‍ നടപ്പിലാക്കുമെന്നാണ് വിവരം. ഒരു നേതാവ് തന്നെ പല സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ട്.
അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക് എന്നീ നേതാക്കള്‍ പല സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. ഇതിനെതിരെ പരോക്ഷമായി വിമര്‍ശനങ്ങള്‍ വന്നിരുന്നു.
ഹരിയാനയില്‍ ഒന്നുകില്‍ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനാവാം എന്നാണ് മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിങ് ഹൂഡയോട് ഹൈക്കമാന്‍ഡ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് ഹൂഡ തീരുമാനിച്ചത്.
വ്യാഴാഴ്ചയാണ് കമല്‍നാഥ് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചത്. ഗോവിന്ദ് സിങിനെ പുതിയ പ്രതിപക്ഷ നേതാവായി സോണിയ ഗാന്ധി നിയമിച്ചു. കമല്‍നാഥ് പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്നു.
