NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓൺലൈൻ ആപ്പ് വഴി ലോൺ നൽകി തട്ടിപ്പ്; പരപ്പനങ്ങാടിയിൽ പരാതിക്കാരേറെ

പരപ്പനങ്ങാടി: ഓൺലൈൻ ആപ്പ് വഴി ലോണെടുത്ത് തട്ടിപ്പിനിരയായവരുടെ എണ്ണംകൂടുന്നു. കൂടുതൽ പേർ പോലീസിൽ പരാതി നൽകി.  ആപ്പ് വഴിലോൺ നൽകുകയും ഉടനെ തിരിച്ചടക്കാൻ ആവശ്യപ്പെടുകയും തിരിച്ചടച്ചാൽ വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയും സോഷ്യൽ മീഡിയവഴി കുപ്രചരണം നടത്തിയുമാണ് യുവാക്കളുടെ പണം തട്ടുന്നത്. പരപ്പനങ്ങാടി പോലീസിൽ മാത്രം നിരവധി യുവാക്കളാണ് പരാതിപ്പെട്ടത്.

 

കൊടക്കാട് സ്വദേശി കെ.സി. മുഹമ്മദ് യാസിറാണ് ഏറ്റവുമൊടുവിൽ പരാതി നൽകിയത്. യാസിർ ഡൗൺലോഡ് ചെയ്ത ആപ്പിൽ നിന്നും കുറച്ച് കാലം മുൻപ് 5097 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇവർ ആവശ്യപ്പെട്ട പ്രകാരം അവർ നൽകിയ നമ്പരിൽ വായ്പയെടുത്ത പണം മുഴുവൻ തിരിച്ചടച്ചു. പിന്നീട് ഒരാഴ്ച മുൻപാണ് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടുംവിളി വന്നത്. നിരന്തരം വിളികളും ഒന്നിലധികം നമ്പരിൽ നിന്നും ശബ്ദസന്ദേശമായും വന്നുതുടങ്ങി.

 

പിന്നീട് യുവാവിൻ്റെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയിലുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ പരിചിത നമ്പറുകളിലേക്ക് അപകീർത്തിപ്പെടുത്തുന്ന പരാമർശത്തോടെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് പോലിസിൽ പരാതി നൽകിയത്. നേരത്തെ ഒരു വാഹനലോൺ എടുക്കുന്ന സമയത്ത് ആധാർ കാർഡും പാൻ കാർഡും നൽകിയിരുന്നു എന്നും ഈ വിവരങ്ങളെല്ലാം ഉപയോഗിച്ചാണ് ഈ സംഘം പിൻതുടരുന്നതെന്നാണ് യുവാവ് പറയുന്നത്.

 

“15വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് രക്ഷപ്പെട്ടയാളാണ് ഇതെന്നും നിങ്ങളുടെ ബന്ധുവും ആകാമെന്നും ഇയാളെ എവിടെയെങ്കിലും കണ്ടാൽ താഴെയുള്ള നമ്പറുകളിൽ വിളിച്ചാൽ മതി” എന്നെഴുതി താഴെ പേരും യുവാവിനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയാണ് വാട്ട്സ് ആപ്പിൽ പ്രചരിപ്പിക്കുന്നത്.

 

വള്ളിക്കുന്ന് സ്വദേശിയായ മറ്റൊരു യുവാവിൻ്റെ ചിത്രത്തിനടിയിൽ അമ്മയെ പീഡിപ്പിച്ച് ഒളിവിൽ കഴിയുന്നയാളാണെന്നും മറ്റും എഴുതിയാണ് തട്ടിപ്പ് സംഘം പ്രചരിപ്പിച്ചത്. നിരവധി പേർ ഇതിനകം പരാതി നൽകിയെങ്കിലും ഇത്തരത്തിലുള്ള ഉത്തരേന്ത്യൻ ലോബികളെ പിടിക്കാൻ പ്രയാസമാണെന്നാണ് പോലിസ് പറയുന്നത്.

 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ അമർത്തൂ ..

Leave a Reply

Your email address will not be published. Required fields are marked *