NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജഹാംഗീര്‍പുരി ഇടിച്ചു നിരത്തല്‍; സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി, കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവമെന്ന് സുപ്രീംകോടതി

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള സ്‌റ്റേ രണ്ടാഴ്ച കൂടി നീട്ടി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് തുടരുമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോടതി ഉത്തരവിട്ടിട്ടും അത് തുടര്‍ന്നത് അതീവ ഗൗരവമാണ്. ഇത് അംഗീകരിക്കാനാ#് സാധിക്കില്ല. എന്താണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.

സംഭവത്തില്‍ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ടും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീര്‍പുരിയില്‍ എത്തി അധികൃതരെ ഉത്തരവ് കാണിച്ചിരുന്നു. എന്നിട്ടും 12.45 വരെ പൊളിക്കല്‍ നടപടി തുടരുകയായിരുന്നെന്നും ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ഹനുമാന്‍ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ നടന്ന വര്‍ഗീയ സംഘര്‍ങ്ങള്‍ക്ക് പിന്നാലെയാണ് ജഹാംഗീര്‍പുരിയില്‍ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. അക്രമം നടന്ന പ്രദേശത്തെ കടകളും മറ്റ് കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ തുടങ്ങിയതോടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെക്കാനും അടിയന്തര വാദം കേള്‍ക്കാനും കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.

എന്നാല്‍ കോടതി ഉത്തരവിന് ശേഷവും രണ്ട് മണിക്കൂറോളം പൊളിക്കല്‍ തുടര്‍ന്നു. തങ്ങള്‍ക്ക് ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കുന്നതുവരെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്ന ജോലി തുടരുമെന്നുമാണ് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജ ഇഖ്ബാല്‍ സിംഗ് പറഞ്ഞത്. തുടര്‍ന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി ഉത്തരവ് ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദ്ദേശിച്ചു.

കോടതി ഉത്തരവിന്റെ പകര്‍പ്പുമായി മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയിരുന്നു. നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും തകര്‍ക്കുകയാണെന്നാണ് ബൃന്ദ കാരാട്ട് ആരോപിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി ഏകപക്ഷീയമാണെന്ന് ജംഇയത്തുല്‍ ഉലമ ഹിന്ദും വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *