കാറും ടാങ്കറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു
കൽപറ്റ: മീനങ്ങാടി-ബത്തേരി റൂട്ടിൽ കാക്കവയലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. തമിഴ്നാട് അതിർത്തിയിലെ പാട്ടവയൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്.
കാർ യാത്രക്കാരായ പാട്ടവയൽ സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുള്ള മകൻ ആരവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം . സുൽത്താൻ ബത്തേരി ഭാഗത്തുനിന്ന് പാലുമായി കൽപറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും ബാലുശ്ശേരിയിൽനിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്ന നിലയിലാണ്.
