NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹജൂര്‍ കച്ചേരി ആദ്യഘട്ട നവീകരണം പൂര്‍ത്തിയായി; ജില്ലാ പൈതൃക മ്യൂസിയം 27-ന് സമര്‍പ്പിക്കും

 

തിരൂരങ്ങാടി: പുരാവസ്തു വകുപ്പ് ജില്ലാപൈതൃക മ്യൂസിയമാക്കി പ്രഖ്യാപിച്ച ചെമ്മാട്ടെ ഹജൂര്‍കച്ചേരി ആദ്യഘട്ട നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. 2014 പി.കെ.അബ്ദുറബ്ബ് വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ഹജൂര്‍ കച്ചേരി ജില്ലാ പൈതൃക മ്യൂസിയമാക്കി പ്രഖ്യാപിച്ചത്. നിര്‍മ്മാണങ്ങള്‍ക്കായി നാല് കോടി രൂപ വകയിരുത്തുകയും ചെയ്തു.

പിന്നീട് സാങ്കേതിക കാരണങ്ങളാൽ പ്രവർത്തി നീണ്ടുപോയി. തുടർന്ന് 2021-ൽ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നിർദ്ദേശപ്രകാരം ആദ്യഘട്ട നവീകരണം ആരംഭിക്കുകയായിരുന്നു. ചുറ്റുമതില്‍, ഗേറ്റ്, കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍, പെയിന്റിംഗ്, സ്റ്റേജ് നിര്‍മ്മാണം, ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മാണം, മുറ്റം ഇന്റര്‍ ലോക്ക് ചെയ്യല്‍, ഇരിപ്പിടമൊരുക്കല്‍ എന്നിങ്ങനെ 58 ലക്ഷം രൂപയുടെ നവീകരണമാണ് നിലവിൽ പൂര്‍ത്തിയായിട്ടുള്ളത്.

1906-ല്‍ ബ്രിട്ടീഷ് രാജകുമാരന്‍ വെയില്‍സിന്റെ ഇന്ത്യാ സന്ദര്‍ശന സമയത്ത് നിര്‍മ്മിച്ചതെന്ന് കരുതുന്ന കെട്ടിടമാണ് ചെമ്മാടുള്ള ഹജൂര്‍ കച്ചേരി. ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രവും, കോടതിയും, പോലീസ് സ്റ്റേഷനും, ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി അതേപടി നിലനിര്‍ത്തി കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ത്താണ് ആദ്യഘട്ട നവീകരണം.

വയറിംഗ് ഉള്‍പ്പെടെയുള്ള മാറ്റുകയും താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സമയത്തെ അധിക നിര്‍മ്മാണങ്ങള്‍ പൊളിച്ചു കളയുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ട നവീകരണം പൂർത്തിയായഹജൂർ കച്ചേരി 27-ന് വൈകീട്ട് 4.30-ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമർപ്പിക്കും.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാഥിതിയാകും. കെ.പി.എ മജീദ് എം.എല്‍.എ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *