കെ.റെയിൽ : പ്രതിഷേധങ്ങൾ അവഗണിച്ച് പോലീസ് കാവലിൽ പരപ്പനങ്ങാടിയിൽ കല്ലിട്ടു.
പരപ്പനങ്ങാടി : മൂന്നു ദിവസമായി പ്രതിഷേധം ഭയന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ തിങ്കളാഴ്ച്ച നടന്നു. ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും വൻപോലീസ് സാന്നിധ്യത്തിൽ സമരക്കാരിൽ നിന്ന് നഗരസഭാ കൗൺസിലർ ഉൾപ്പെടെ പതിനാറ്പേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. റെയിൽവെ ഭാഗത്തേക്കുള്ള പ്രധാന വഴികളെല്ലാം പോലീസ് കാവലിൽ ബാരിക്കേഡ് വെച്ച് കൊട്ടിഅടച്ചശേഷമാണ് കല്ലിടൽ നടത്തിയത്. അതിനിടെ പോലീസ് നടപടിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട ഹൃദ്രോഗിയായ ചെട്ടിപ്പടി സ്വദേശി ചാന്തുവീട്ടിൽ മജീദ് എന്ന മധ്യവയസ്ക്കൻ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണു.
https://youtu.be/sguv1EhXpms
മജീദിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഭാര്യ നാദിറ ഓടിയെത്തി സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ചു നിന്ന് പോലീസ് നടപടി തടയുന്നതിനിടെ മജീദ് കുഴഞ്ഞു വീഴുകയായിരുന്നു. ഇതുകണ്ട് ഇവരുടെ മകൾ റിദയും മോഹാലസ്യപ്പെട്ടു വീണു. എന്നാൽ ഇവരെ സ്ഥലത്തുണ്ടായിരുന്ന വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലീസ് തയ്യാറായില്ല. തുടർന്ന് നഗരസഭ സ്ഥിരംസമിതി ചെയർമാൻ പി. പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ നാട്ടുകാർ പോലീസ് വണ്ടി തടഞ്ഞ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ എം.എൽ.എ.മാരായ കെ.പി.എ മജീദ്, കുറുക്കോളി മൊയ്തീൻ എന്നിവർ സ്ഥലത്തെത്തി സമരസമിതി നേതാക്കളോടൊപ്പം അടച്ചിട്ട മുറിയിൽ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുമായി ഏറെനേരം ചർച്ച നടത്തി. സംഭവം ജില്ലാ കലക്ടറുമായി ചർച്ച ചെയ്യുമെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാമെന്നെ ഉറപ്പിലും ചർച്ച അവസാനിപ്പിച്ചു.
തുടർന്ന് അറസ്റ്റ് ചെയ്തവരെ വിട്ട് കിട്ടുന്നതിനായി പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. എസ്. അലീന, കൗൺസിലർ ബേബി അച്ചുതൻ, യു.വി. രമ്യ ലാലു, പി.എൻ.അബ്ദുള്ള,ചോലയിൽ ഹംസ, എൻ.വി.പി.മുഹമ്മദ്, ചേർക്കോട്ട് അബ്ദുറഹ്മാൻ, വി. റിയാസ്, സംസാർ ബീഗം,
ആരിഫ മരക്കാശേരി, അനീസ, സി.അബ്ദുറഹ്മാൻ, കെ. ഷാഹുൽ ഹമീദ്, സാനു ചെട്ടിപ്പടി, വി.പി.അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈകീട്ട് മൂന്ന് മണിയോടെ ഇവരെ വിട്ടയച്ചു. എ.എസ്.പി. എ. ഷാഹുൽ ഹമീദ്, താനൂർ ഡി.വൈ.എസ്.പി. മൂസവള്ളിക്കാടൻ, പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചത്.
