കെ. റെയിൽ കല്ലിടൽ; ചർച്ചയ്ക്കില്ലെന്ന് കെ. റെയിൽ വിരുദ്ധ ജനകീയ സമിതി: മലപ്പുറത്ത് കല്ലിടൽ തടയും:


കെ. റയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതുവരെ ജനകീയസമരം ശക്തമായി തുടരുമെന്നും കെ റയിൽ കല്ലിടൽ തടയുമെന്നും കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മലപ്പുറം ജില്ലാ സമിതി ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട്, ജനറൽ കൺവീനർ പി.കെ. പ്രഭാഷ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു..
കഴിഞ്ഞ മൂന്ന് ദിവസമായി പരപ്പനങ്ങാടിയിൽ കെ. റെയിൽ കല്ലിടൽ ജനങ്ങൾ ശക്തമായി പ്രതിരോധിച്ചതിനെ തുടർന്ന് സമരസമിതി നേതാക്കളെ പരപ്പനങ്ങാടി കെ.റെയിൽ ഓഫീസിലേക്ക് ഇന്ന് (വെള്ളി) ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുമായും പോലീസുമായും ചർച്ചചെയ്തു പരിഹരിക്കാവുന്ന വിഷയമല്ല കെ റെയിൽ സമരമുയർത്തുന്നത് എന്ന നിലപാടാണ് മലപ്പുറം ജില്ലാ ജനകീയ സമിതി സ്വീകരിച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി കേരള സർക്കാരിന് മുന്നിൽ ജനകീയ സമിതി നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തിയിരുന്നു. ഇരകളായ ജനങ്ങളെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമരസമിതി സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
നിയമസഭയിൽ കെ റെയിൽ വിഷയത്തിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ സർക്കാർ ഇതുവരെ യാതൊരു ചർച്ചയ്ക്കും തയ്യാറായിട്ടില്ല. മാത്രമല്ല പല ജില്ലകളിലും സമരം ചെയ്യുന്ന ജനങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടും മർദ്ദിച്ചു കൊണ്ടും കല്ലിടൽ നടത്തുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
പരപ്പനങ്ങാടിയിൽ ജനങ്ങളുടെ പ്രതിരോധം ശക്തമാണെന്നും കല്ലിടൽ അസാധ്യമാണെന്നും വന്നപ്പോൾ ചർച്ചയ്ക്കു വിളിക്കുന്നത് സമരത്തെ ദുർബലമാക്കാമെന്ന് വ്യാമോഹിച്ചാണ്. കെ റെയിൽ വേണ്ട എന്നതാണ് സമരം ചെയ്യുന്ന ജനങ്ങളുടെ ഡിമാന്റ്.
ഈ വിഷയത്തിൽ പോലീസിനോ കെ റയിൽ ഉദ്യോഗസ്ഥർക്കോ ഒരു അഭിപ്രായവും പറയുവാനാകില്ല. സർക്കാർ തലത്തിൽ മാത്രമാണ് ഈ ഡിമാന്റിനെ കുറിച്ച് ചർച്ച ചെയ്യുവാൻ സാധിക്കണമെങ്കിൽ കെ.റെയിൽ കല്ലിടൽ നിർത്തിവെച്ചു കൊണ്ടു സർക്കാർ സംസ്ഥാന സമിതിയുമായി ചർച്ചയ്ക്ക് തയ്യാറാകണം. കെ. റയിലിന്ടെ ഉദ്യോഗസ്ഥർ നടത്തുന്ന ചർച്ച പ്രഹസനങ്ങളുമായി സമിതി സഹകരിക്കുകയില്ലന്നും പരപ്പനങ്ങാടി മുതൽ ചങ്ങരംകുളം വരെ സമരം ശക്തമാക്കുമെന്നും സമിതി ജില്ലാ നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.