NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു

വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടയ്ക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

30 വര്‍ഷത്തിലധികമായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 1991 ലാണ് അദ്ദേഹം പ്രസിഡന്റായത്. സംസ്ഥാനത്തെ വ്യാപാരികളെ സംഘടനയിലൂടെ അദ്ദേഹം കരുത്തരാക്കി. 1980 ല്‍ മലബാര്‍ ചോംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി ആയിട്ടായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. 1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റും, 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി.

തുടര്‍ന്ന് ഭാരത് വ്യാപാര സമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റിയംഗം, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റിയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോര്‍ഡംഗം, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1944 ഡിസംബര്‍ 25 ന് പ്രമുഖ വ്യാപാരിയായ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു അദ്ദേഹം. ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  ഉള്‍പ്പടെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *