NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നാടുകാണി – പരപ്പനങ്ങാടി പാത പ്രവൃത്തി: പി.ഡ.ബ്ല്യൂ.ഡി ഓഫീസിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

 

പരപ്പനങ്ങാടി: നാടുകാണി – പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അഴിമതിക്കും അവഗണനക്കുമെതിരെ തിരൂരങ്ങാടി സംയുക്ത സമരസമിതി പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 2016 ൽ ആരംഭിച്ച റോഡ് വർക്ക് എഗ്രിമെന്റ് ഷെഡ്യൂൾ പ്രകാരം പൂർത്തിയാക്കിയില്ലെന്നും റോഡിൽ അപകടകരമാം വിധം നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകളും ട്രാൻസ്ഫോമറുകളും മാറ്റി സ്ഥാപിക്കാതെ ടാറിങ് പ്രവർത്തി മാത്രം ചെയ്ത് വർക്ക് അവസാനിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്ത സംയുക്ത സമരസമിതി പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് ബലമായി പിടിച്ച് കൊണ്ട് പോയി കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുമായിരുന്നു സമരം.

ജനാധിപത്യ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തൽ രീതി അവസാനിപ്പിക്കുക, വികസന മുരടിപ്പിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക, പാതി വഴിയിൽ ഉപേക്ഷിച്ച സർവ്വെ നടപടികൾ ഉടൻ ആരംഭിക്കുക, കക്കാട് – അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിൽ വികസ പ്രവർത്തനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കുക. അഴിമതിക്കാരായ പി.ഡ.ബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ ഉടൻ പിരിച്ച് വിടുക, കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുക, പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന കക്കാട് മുതൽ തിരൂരങ്ങാടി വരെ 12 മീറ്ററിലധികം സ്ഥലം ലഭ്യമായിരിക്കെ ഡ്രൈ നേജും ഫൂട്പാത്തും നിർമിക്കാത്ത നടപടി ഗൗരവപൂർവ്വം പരിശോധിക്കുക, ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.

പുത്തിരിക്കലിൽ നിന്നും ആരംഭിച്ച മാർച്ച് പി.ഡ.ബ്ല്യൂ.ഡി ഓഫീസിന് മുമ്പിൽ പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംതടഞ്ഞു. റോഡ് പ്രവൃത്തിയിൽ വർഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും, ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി, തിരൂരങ്ങാടി എം.എൽ.എ എന്നിവരുടെ നീട്ട മൗനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സംയുക്ത സമരസമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ മാർച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു. സംയുക്ത സമരസമിതി ഉന്നയിക്കുന്ന കാര്യങ്ങൾ അടിയന്തിരമായി പരിശോധനാ വിധേയമാക്കണമെന്നും അവർ ആവശ്യപെട്ടു.

 

പി. അൻവറുദ്ധീൻ അധ്യക്ഷം വഹിച്ചു. തിരൂരങ്ങാടി നഗരസഭ കൗൺസിലർ ആബിദ റബീഅത്ത്, പി.എം. ഹഖ്, സി.എച്ച് ഫസലു തുടങ്ങിയവർ പ്രസംഗിച്ചു. സലാം മനരിക്കൽ, ഷൗക്കത്ത് കൂളത്ത്, റഹീം പൂക്കത്ത്, അലി മനോല, റസാഖ് കൂളത്ത്, സിദ്ധീഖ് സി.കെ നഗർ, എൻ.എം അലി തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.