NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു

ചെന്നൈ: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാള്‍. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഡിഫന്‍സ് കോളേജില്‍ ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജനരല്‍ ബിപിന്‍ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയര്‍ LS ലിഡ്ഡര്‍
4. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
5. എന്‍ കെ ഗുര്‍സേവക് സിംഗ്
6. എന്‍ കെ ജിതേന്ദ്രകുമാര്‍
7. ലാന്‍സ് നായ്ക് വിവേക് കുമാര്‍
8. ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും സന്നദ്ധ പ്രവര്‍ത്തകയുമായ മധുലിക റാവത്തും ദില്ലിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചത്. നാലര പതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തില്‍ ബിപിന്‍ റാവത്തിനു ഏറെ വ്യക്തി ബന്ധമുള്ള വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ പുതിയ സേനാംഗണങ്ങളുമായി സംസാരിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പരിപാടി നിശ്ചയിച്ചിരുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രണ്ടര മണിക്കൂര്‍ നീണ്ട ആകാശ യാത്രയ്ക്കൊടുവില്‍ പതിനൊന്നര മണിയോടെ ബിപിന്‍ റാവത്തും ഭാര്യയും സുലൂര്‍ വ്യോമസേനാ താവളത്തില്‍ എത്തി.

കൊയമ്പത്തൂര്‍ സുലൂര്‍ വ്യോമസേനാ താവളം രാജ്യത്തിന്റെ സുപ്രധാനമായ വ്യോമത്താവളമാണ്. യുദ്ധവിമാനങ്ങള്‍ക്ക് അടക്കം പറന്നനിറങ്ങാനും ഇന്ധനം നിറയ്ക്കാനുമൊക്കെ സൗകര്യങ്ങളുമുള്ള സുലുര്‍ വ്യോമത്താവളം. വെറും പതിനഞ്ചു മിനിറ്റ് മാത്രം ഇവിടെ ചെലവിട്ട ശേഷം റാവത്തും ഭാര്യയും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളജില്‍ തിരിച്ചു. വെല്ലിംഗ്ടണ്‍ ഹെലിപ്പാഡില്‍ എത്തിയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥ കാരണം ഇറക്കാന്‍ കഴിയാതെ തിരിച്ചു പറന്നതായി ചില ദൃക്സാക്ഷികള്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 12 .20ന് വെല്ലിങ്ടണിന് വെറും പത്തു കിലോമീറ്റര്‍ അകലെ കാറ്ററി പാര്‍ക്കില്‍ ഹെലികോപ്റ്റര്‍ നിലംപതിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *