ഒമിക്രോൺ ഇന്ത്യയിലും; രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പുലർത്തിയെങ്കിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഒടുവിൽ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേരിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോണ് വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്.
66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷൻമാരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ലവ് അഗർവാൾ അറിയിച്ചു.
നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
