പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം. കുട്ടി അന്തരിച്ചു.


പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെയാണ് അന്ത്യം. 1970 കള്‍ വരെ കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ് വടക്കുങ്ങര മുഹമ്മദ്കുട്ടി എന്ന വി എം കുട്ടി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനാണ് വിഎം കുട്ടി.
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വ്യക്തിയാണ് വി എം കുട്ടി. മികച്ച ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. മലബാര്‍ കലാപത്തിന്റെ കഥ പറഞ്ഞ 1921 അടക്കം അഞ്ചിലധികം സിനിമകളിലും ഗാനങ്ങള്‍ എഴുതി. ‘കിളിയേ… ദിക്ര്! പാടിക്കിളിയേ…’ എന്ന വിശ്രുത ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ രചനകളായുണ്ട്.
1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലില്‍ വടക്കുങ്ങര ഉണ്ണീന്‍ മുസ്ല്യാരുടെ മകനായി ജനിച്ച വിഎം കുട്ടി. പ്രാഥമിക വിദ്യാഭ്യാസം പുര്‍ത്തിയാക്കി അധ്യാപക പരിശീലനത്തിന് ചേരുകയായിരുന്നു. 1985വരെ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാവുകയായിരുന്നു. ‘ബദ്റുല്‍ഹുദാ യാസീനന്‍…’ എന്ന ബദ്ര് പാട്ട് ആകാശവാണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഇരുപതാം വയസില്‍ ആയിരുന്നു അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അരനൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായി നിലകൊണ്ടു.
1965 മുതല്‍ ഗള്‍ഫ് നാടുകളിലെ വേദികളില്‍ സജീവമായിരുന്നു അദ്ദേഹം. 1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുമുണ്ട് വി എം കുട്ടി. സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി എച്ച് കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഇന്തോ അറബ് കള്‍ച്ചറല്‍ സെന്ററിന്റെ ‘ഒരുമ’ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.