വിരുന്നെത്തിയത് ദുരന്തത്തിലേക്ക്; കരിപ്പൂരിൽ കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം.


കനത്ത മഴയിൽ വീട് തകർന്ന് കരിപ്പൂരിൽ രണ്ട് കുട്ടികൾ മരിച്ചു. ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു അവർ. അതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവർ പ്രഭാത പ്രാർഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
അപകടം നടന്ന വീടിന്റെ മുകളിലുള്ള പറമ്പിൽ മറ്റൊരു വീടിന്റെ ജോലി നടക്കുന്നുണ്ട്. അവിടെ തറനിർമാണത്തിനായി എടുത്ത മണ്ണാണ് കനത്ത മഴയെത്തുടർന്ന് ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.