നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപിന്റെ കൊഫേപോസ കാലാവധി കഴിഞ്ഞതോടെയാണ് പുറത്തിറങ്ങിയത്.
എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍ മോചിതനായത്. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു.
കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സന്ദീപ് പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യു.എ.ഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്. 30 കിലോയുടെ സ്വര്‍ണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍.ഐ.എയുടെ കേസില്‍ മാപ്പുസാക്ഷിയാണ്.