NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആക്ഷേപിച്ച് ആശ്വാസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ ; 35 സംസ്ഥാനങ്ങളെന്ന പരാമര്‍ശത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

തനിക്ക് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അതെന്നും അതിനെ ആക്ഷേപിച്ച് ആശ്വാസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചുകൊണ്ടും പല രൂപത്തില്‍ ചിത്രീകരിച്ചുകൊണ്ടും ചിലര്‍ എത്തിയിട്ടുണ്ട്.

പ്രത്യേകിച്ച് ബി.ജെ.പിക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ട് അവര്‍ക്ക് ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കില്‍ അത് കിട്ടിക്കോട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതിലെ വാശിയും വൈരാഗ്യവും ബി.ജെ.പിക്കാര്‍ക്കുണ്ടെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ നാവുപിഴ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയെണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 എന്നായിപ്പോവുകയായിരുന്നു. പിന്നീട് ഇത് ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തുകയും ചെയ്തു.  എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ട്രോളുകള്‍ വരികയും ചെയ്തു.

പിഴവുകളുടെ പേരില്‍ ഒട്ടേറെ പഴി കേട്ടിട്ടുള്ള മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും ശിവന്‍കുട്ടിക്കെതിരെ പരോക്ഷ പരിഹാസവുമായെത്തി. സംസ്ഥാനങ്ങളുടെ പേരും മാപ്പും ഫേസ്ബുക്കിലിട്ട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നായിരുന്നു അബ്ദുറബ്ബിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!