ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ, ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ്; സ്കൂൾ തുറക്കാൻ കരട് മാർഗരേഖ
പ്രതീകാത്മക ചിത്രം
ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നിനായി കരട് മാർഗ രേഖ തയ്യാറാക്കി. അന്തിമ മാർഗരേഖ അഞ്ച് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഒരു ബഞ്ചിൽ രണ്ട് വിദ്യാർത്ഥികൾ മാത്രം, യൂണിഫോം നിർബന്ധമില്ല, ഉച്ച ഭക്ഷണം ഒഴിവാക്കി പകരം അലവൻസ്, സ്കൂളിന് മുന്നിലെ കടകളിൽ പോയി വിദ്യാർത്ഥികൾ സാധനങ്ങൾ വാങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് കരട് രേഖയിലുള്ളത്.
എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് ഓൺലൈൻ ആയി നൽകും. സ്കൂളിൽ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കാൻ കഴിയുന്ന തരത്തിൽ സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നവംബർ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ യോഗത്തിന് ശേഷം മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയിൽ കുട്ടികളെ പൂർണമായും സുരക്ഷിതരായി സ്കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് മാർഗനിർദേശം തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
