പരപ്പനങ്ങാടിയിൽ തെരുവുനായ ശല്യം രൂക്ഷം; ആട്ടിൻകുട്ടിയെ കടിച്ചു കൊന്നു, പ്രതിഷേധം ശക്തം


പരപ്പനങ്ങാടി: തെരുവുനായ ആട്ടിൻകുട്ടിയെ കടിച്ചു കൊന്നു. പരപ്പനങ്ങാടി നഗരസഭയിലെ 15ാം ഡിവിഷൻ മുങ്ങാത്തംതറ കോളനിയിലെ സാവാനാജിൻ്റെ പുരക്കൽ കുഞ്ഞിമോളിൻ്റെ മൂന്ന് മാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
വീട്ടിൽ നിന്നും ഓടിച്ചിട്ട് അടുത്തുള്ള പൊന്തക്കാട്ടിൽ വെച്ചാണ് കടിച്ചു കൊന്നത്. മൃഗാശുപത്രിയിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നൽകിയെങ്കിലും രക്ഷപ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പ് ഇവരുടെ മൂന്ന് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു.
പല കുടുംബങ്ങളുടെയും ഉപജീവന മാർഗ്ഗമായ വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുന്നത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പരപ്പനങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമായിട്ടുണ്ട് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്ന ആവശ്യവും പ്രതിഷേധവും ശക്തമായിട്ടുണ്ട്.